പിന്നെ വന്നാൽ പോരെയെന്ന് ചോദിച്ചു, ഇഡി കണ്ണുരുട്ടി; ചോദ്യം ചെയ്യലിനു ഹാജരായി റിയ
sushant sing rajput suicide
മുംബൈ ∙ സുശാന്തിന്റെ മരണവുമായി ബന്ധമുള്ളതെന്ന് ആരോപണമുയർന്ന വൻ സാമ്പത്തിക ഇടപാട് കേസിൽ നടന്റെ മുൻ കാമുകി റിയ ചക്രവർത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടിസ് നൽകിയപ്പോൾ, സുപ്രീംകോടതി ഹർജി പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാൻ റിയ ശ്രമിച്ചിരുന്നു. ഇഡി കർശന നിലപാട് എടുത്തതോടെ സമയപരിധിയായ 11.30ന് മുമ്പായി നടി മുംബൈയിലെ ഓഫിസിൽ ഹാജരാവുകയായിരുന്നു.
‘റിയ ചക്രവർത്തി നിയമം പാലിക്കുന്ന പൗരയാണ്. ഹാജരാകുന്നതു മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന റിയയയുടെ ആവശ്യം ഇഡി നിരസിച്ചെന്നു മാധ്യമ വാർത്തകളിലൂടെ അറിഞ്ഞു. അതനുസരിച്ച് റിയ മുൻപു പറഞ്ഞ സമയത്തു തന്നെ ഹാജരായി.’– നടിയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ പറഞ്ഞു. സുശാന്തിന്റെ മരണത്തിൽ റിയയ്ക്കു പങ്കുണ്ടെന്നാണു നടന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്നു കോടിക്കണക്കിനു രൂപ റിയ മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നുമാണ് ആക്ഷേപം. 15 കോടിയുടെ ദുരൂഹ ഇടപാടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
സുശാന്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളിൽ രണ്ടെണ്ണത്തിലെ പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. മുംബൈയിൽ പൊന്നുംവിലയുള്ള പ്രദേശങ്ങളിൽ അടുത്തിടെ റിയയും കുടുംബവും വസ്തുവകകൾ വാങ്ങിയിരുന്നു. ഇതിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 14ന് ആണു അപ്പാർട്ട്മെന്റിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്നാണു മുംബൈ പൊലീസ് പറയുന്നത്.
സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ ബിഹാർ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിനെ അടിസ്ഥാനമാക്കി കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. റിയ ചക്രവർത്തി, ഇവരുടെ പിതാവ് ഇന്ദ്രജിത്, മാതാവ് സന്ധ്യ, സഹോദരൻ ഷൗവീക്, റിയയുടെയും സുശാന്തിന്റെയും സുഹൃത്തുക്കളായ സാമുവൽ മിറാൻഡ, ശ്രുതി മോദി എന്നിവർക്കെതിരെ ആത്മഹത്യപ്രേരണ, പണം തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണു പരാതി.
super_admin